യൌവനം കൈ വിട്ടുപോയാൽ?

വീയപുരം ജോർജ്കുട്ടി

മനുഷ്യ ജീവിതത്തിന് അഞ്ച് അവസ്ഥകൾ ഉണ്ട്. അത് ശൈശവം, ബാല്യം, കൗമാരം, യൌവനം, വാർദ്ധ്ക്യം എന്നിവയാകുന്നു. ഇതിൽ ഏറ്റവും ശക്തമേറിയ കാലഘട്ടം യൌവനമാണ്. അസ്ഥികളിൽ പോലും യൌവനം നിറഞ്ഞിരിക്കുന്നതും (ഇയ്യോബ് 20:11) ദേഹം യൌവന ചൈതന്യത്താൽ പുഷ്ടി വെച്ചിരിക്കുന്നതുമായ സമയം (ഇയ്യോബ് 33:25)

ഏത്‌ സാഹചര്യങ്ങളെയും ശക്തമായി നേരിടുവാൻ വേണ്ട പ്രചോദനം ലഭിക്കുന്നകാലം, ഏത് ദുർഘടങ്ങളെയും കീഴടക്കുവാൻ വെമ്പൽ കൊള്ളുന്ന സമയം, മുൻപും പിൻപും ചിന്തിക്കാതെ ഗുണദോഷങ്ങളെ വേണ്ടവണ്ണം ഉൾക്കൊള്ളതെയും വരുംവരായ്മകളെ വിവേചിക്കതെയും എന്തിനും ഏതിനും എവിടെയും എടുത്തു ചാടുന്ന കാലഘട്ടം. ശരിയായ നിയന്ത്രണം ഇല്ലെങ്കിൽ പെട്ടെന്ന് തകർന്ന് പോകുവാൻ ഇടയാകുന്നതും യൌവനത്തിലാണ്. ശരീരത്തെ യഥോചിതം ഉപയോഗിക്കാത് അപഥസഞ്ചാരികളായി നാശത്തിന്റെ പടുകുഴിൽ ചെന്ന് ചാടുവാൻ എളുപ്പമുള്ളതും ഈ കാലഘട്ടത്തിലാണ്. എന്നാൽ ശരിയായ ആത്മ നിയന്ത്രണം പാലിച്ച് വെല്ലു വിളികളെ അതിജീവിച്ച് ഉന്നത നിലവാരത്തിൽ എത്തുവാൻ ദൂരെവീക്ഷണം ഉള്ളവർക്കും, പ്രതികൂലങ്ങളായിവരുന്ന തിരമാലകളെ കീറി മുറിച്ച്, പ്രശ്നങ്ങളായി മുൻപിൽ വരുന്ന പർവതങ്ങളുടെ പടവുകൾ ചവിട്ടി കയറി ഉദ്ദേശ ലക്ഷ്യത്തിൽ എത്തുവാൻ കഠിന പ്രയത്നം ചെയ്യുന്നവർക്കും വിജയം ഉറപ്പ്‌ വരുത്തുവാൻ കഴിയുന്നതും യൌവനകാലത്ത് നാം എവിടെ നില്ക്കുന്നു എന്നുള്ളതിന് ആശ്രയിച്ചിരിക്കുന്നു.

യൌവനമോഹങ്ങളെ കയറുരി വിടാതെ നിയന്ത്രണം പാലിക്കുന്നവർക്ക്‌ ജീവിതത്തിൽ വിജയങ്ങൾ കൊയ്തു എടുക്കുവാൻ കഴിയും. മോഹം എല്ലായ്പ്പോഴും നമ്മുടെ ചിന്തയെ ഉണർത്തും, ചിന്ത നമ്മെ പ്രലോഭനത്തിലേക്ക് വഴി നടത്തും. പ്രലോഭനം ഭാവനയിലേക്ക് നയിക്കും, ഭാവന വികാരങ്ങൾ ഉണർത്തിവിടും, വികാരങ്ങൾ ഇന്ദ്രിയങ്ങളിൽ പ്രവർത്തിച്ച് അറിവാനുള്ള താല്പര്യമായി അതിനെ വളർത്തി എടുക്കും പിന്നിട് അത് ഉറച്ച തീരുമാനത്തിലേക്ക് നമ്മെകൊണ്ടെത്തിക്കും, തീരുമാനം പ്രവർത്തിയിലേക്ക് വഴിനടത്തും പ്രവർത്തി പതിവ് പെരുമാറ്റ രീതിയായും പിന്നിട് അത് സ്വഭാവമായും മാറ്റപ്പെടും.

ബൈബിളും പറയുന്നു മോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു പാപം മുഴുത്തിട്ട് മരണത്തെ പെറുന്നു (യാക്കോബ് 1:15) ആകയാൽ മോഹങ്ങൾ ജനിക്കുമാറു് ജഡത്തിനായി ചിന്തിക്കരുത് (റോമർ 13:14).

യൌവനകാലത്ത് സ്വന്തം കഴിവിൽ അമിതമായി ആശ്രയിക്കുകയും ഗുണ ദോഷങ്ങൾ ഇഷ്ട്ടപ്പെടതിരിക്കയും ചെയ്യുന്നു. എന്നാൽ ബൈബിൾ പറയുന്നു പൂർണ്ണ ഹൃതയത്തോടെ യഹോവയിൽ ആശ്രയിക്ക, സ്വന്തവിവേകത്തിൽ ഊന്നരുതു (സദ്യശ 3:5) മറ്റു ചിലർ ഈ കാലയളവിൽ മാതാപിതാക്കളിൽ നിന്ന് അകലുവാൻ ശ്രമിക്കയും കാര്യസാദ്ധ്യത്തിനായി വ്യാജ സ്നേഹവുമായി വരുന്നവരോടെ അടുക്കുവാൻ ശ്രമിക്കയും ചെയ്യുന്നു. ഇങ്ങനെയുള്ളവർ പരാജയങ്ങൾ ഏറ്റ് വാങ്ങുകയും കൈപ്പുനീർ കുടിക്കേണ്ടിവരികയും ചെയ്യും.

വേറെ ചിലർ വികാരങ്ങളുടെ വേലിയേറ്റത്താൽ എല്ലാം കാണുന്ന ഒരു ദൈവം ഉണ്ട് എന്ന ചിന്തപോലും ഉപേക്ഷിച്ച് വികാരങ്ങൾക്ക് അടിമപെട്ട് തെറ്റിലേക്ക് വഴുതി വീഴുകയും തൽഫലമായി മറാരോഗങ്ങൾക്ക് അധീനരായിത്തിരുകയും മോഹനവാഗ്ദാനങൾ തന്നവർ വഞ്ചിച്ചു എന്ന് ബോധ്യമാകുമ്പോൾ ജീവിതം തന്നെ നശിപ്പിക്കുവാൻ ശ്രമിക്കയും ചെയ്യുന്നു. ആത്മഹത്യ ഒരിക്കലും ഒരു പ്രശ്നപരിഹാരമല്ല. ആത്മഹത്യ ചെയ്ത് തങ്ങളുടെ ശരീരത്തെ നശിപ്പിക്കുന്നവർ നിത്യമായ നരകത്തിലേക്കായിരിക്കും പോകുന്നത് എന്ന യഥാർത്ഥ്യം മറന്ന് പോകരുത്, ജ്ഞാനിയുടെ ജ്ഞാനിയായ ശലോമോൻ പറയുന്നത്‌ യൌവനക്കരാ, നിന്റെ യൌവനത്തിൽ സന്തോഷിക്ക യൌവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ. നിനക്ക് ഇഷ്ട്ടമുള്ള വഴി കളിലും നിനക്ക് ബോധിച്ചവണ്ണവും നടന്നുകൊൾക: എന്നാൽ ഇവ ഒക്കെയും നിമിത്തം ദൈവം നിന്നെ ന്യായ വിസ്തരത്തിലേക്ക് വരുത്തും എന്നറിക (സഭാ .11:9) നീ നിന്റെ യൌവനകാലം ഓർക്കാത് എന്നെ കോപിപ്പിച്ചതുകൊണ്ട് ഞാനും നിന്റെ നടപ്പിന് തക്കവണ്ണം നിനക്ക് പകരം ചെയ്യും എന്ന് യഹോവയുടെ അരുളപ്പാട് (യെഹെ 16: 43 ).

ചില യുവതി യുവാക്കന്മാർ കുട്ടുകാരുടെ വശികരണത്തിൽ കുടുങ്ങിപ്പോയി മദ്യം, പാൻപരാഗ, മയക്കു മരുന്ന് ആദിയായ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കയും, ഒടുവിൽ നിർത്തണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും സാധിക്കാത്ത ഗതികേടിൽ ചെന്ന് ചേരുകയും ചെയ്യുന്നു .ബൈബിൾ പറയുന്നു വീഞ്ഞ് ചുവന്ന് പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത് ഒടുക്കം അത് സർപ്പം പോലെ കടിക്കും, അണലിപോലെ കൊത്തും (സദ്യശ23:29-32). വിശുദ്ധ പൗലോസ് നമ്മെ പ്രബോധിപ്പിക്കുന്നത് മദ്യപാനി ദൈവരാജ്യം അവകാശ മാക്കുകയില്ല (ഗലാ.5:19-21), (1 കൊരി: 6:9,10) വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു. അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയകുകയില്ല (സദ്യശ.20:1).

വേറെ ചില യുവതിയുവാക്കൾ സമപ്രായക്കാരുടെ ഇടയിൽ അംഗീകരണതിനായി ഫാഷൻ ഭ്രമവും, സിനിമ നടിനടന്മാർ വെള്ളിത്തിരയിൽ അഭിനയിച്ചത് യാഥാർത്ഥ്യം ആണെന്ന് കരുതി അനുകരിക്കയും ഗുണ്ടാസംഘങ്ങ ളുടെയും മാഫിയകളുടെയും വഞ്ചനയിൽ പെട്ടുപോകയും, മോഷണവും, കവർച്ചയും കൊലപാതകവും നടത്തുകയും ജീവിതത്തിന്റെ നല്ല നാളുകൾ ജയിലഴികളിൽ ചിലവാക്കേണ്ടിവരികയും ചെയ്യുന്നു.

യൌവനകാലത്ത് പാലിക്കേണ്ട നല്ല നിർദ്ദേശങ്ങൾ വിശുദ്ധ ബൈബിൾ നൽകിതരുന്നുണ്ട്. യൌവനകാലത്ത് നിന്റെ സൃഷ്ടാവിനെ ഓർത്തുകൊൾക (സഭാ .12:1) ബാലൻ (Young Man) തന്റെ നടപ്പിനെ നിർമ്മലമാക്കുന്നത് എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സുക്ഷിക്കുന്നതിനാൽ തന്നെ. (സങ്കി. 119:9). ഞാൻ നിന്നോട് പാപം ചെയ്യാതിരിക്കേണ്ടതിന് നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു (സങ്കി.119:11).ആരും നിന്റെ യൌവനം തുച്ഛികരിക്കരുത് (1 തിമൊ .4:12) യൌവനമോഹങ്ങളെ വിട്ട് ഓടുക (1 തിമോ.2:22) നിന്റെ യൌവനശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്. കണ്ടവർ നിന്റെ സമ്പത്ത് തിന്നുകളയരുത്, നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടിൽ ആയിപോകരുത് (സദ്യശ.5: 9 -10) പരസ്ത്രീയുടെ സൗന്ദര്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുത്. അവൾ കണ്ണിമകൊണ്ട് വശീകരിക്കയുമരുതു സദ്യശ.(6:24 – 26) നിന്റെ വഴിയെ അവളോട് അകറ്റുക, അവളുടെ വീടിന്റെ വാതിലോട് അടുക്കരുത് (സദ്യശ.5:8).

കാമുകിയായവളോ (സുഖഭോഗിനി) ജിവിച്ചിരിക്കയിൽ തന്നെ ചത്തവൾ (1 തിമൊ.5:6) നിന്റെ കണ്ണ് കാണുന്നതിന്റെ എല്ലാം പുറകെ ഹൃദയത്തെ വിട്ടുകൊടുക്കത് നിയന്ത്രിച്ചാൽ വിജയകരമായ ജീവിതം നയിക്കുവാൻ സാധിക്കും. ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാത്ത ഇടിഞ്ഞു കിടക്കുന്ന പട്ടണം പോലെയാകുന്നു (സദ്യശ.25:28) സ്വയ നിയന്ത്രണം (Self Control) ഉള്ളവർക്ക് മാത്രമേ വിജയത്തിന്റെ വെന്നിക്കൊടി പറത്തുവൻ കഴികയുള്ളൂ.

ജീവിതം ഒരു സൂപ്പർ മാർക്കറ്റാണ് കിട്ടുന്നതെല്ലാം വാങ്ങിക്കുകയല്ല പിന്നയോ നമുക്ക് ആവശ്യമുള്ള സാധന ങ്ങൾ വാങ്ങിക്കുകയാണ് വേണ്ടിയത്. വിജയങ്ങൾ ആഘോഷിക്കുവാനും പരാജയങ്ങൾ പഠിക്കുവനുള്ളതും ആണ്.

മോശമായ കൂട്ടുകെട്ടിനെക്കാൾ ഏകാന്തതയാണ് നല്ലത്. ജ്ജാനിയോടുകു‌ടി നടക്ക നിയും ജ്ജാനിയാകും. ഒരുവനെക്കുറിച്ച് പഠിക്കണമെങ്കിൽ അവന്റെ കുട്ടുകാരൻ ആരാണെന്ന് മനസിലാക്കിയാൽ മതി. നാം സുരഷിത സ്ഥാനത്ത് എത്തി ചേർന്നു എന്നുള്ള ചിന്ത നമ്മുടെ വളർച്ചയെ ഇല്ലാതാക്കും (Comfort Zone Create ചെയ്യു മ്പോൾ നമ്മുടെ Growth നിലയ്ക്കും) നമ്മുടെ യൌവനം കൈവിട്ട് പോകാതിരിക്കുവാൻ നമ്മുടെ നിയന്ത്രണം യേശുക്രിസ്തുവിനെ ഭരമേല്പിക്കാം യേശുക്രിസ്തുവിനെ നമ്മുടെ കർത്താവും രക്ഷിതാവുമായി ഹൃദയത്തിൽ അംഗീകിരിക്കുക.

പാപം ചെയ്യുവാൻ അവസരം ലഭിച്ചിട്ടും ദൈവഭയത്താൽ പാപം ചെയ്യാതെ ഓടിപ്പോയ യോസഫിനെപ്പോലെയും സാഹചര്യങ്ങൾ പ്രതികൂലമയിട്ടും പാനങ്ങൾകൊണ്ടുപോലും തങ്ങളെ അശുദ്ധരാക്കത്തില്ല എന്ന് ബാബിലോണിൽവെച്ച് തീരുമാനിച്ച യെഹുദ ബാലന്മാരെപ്പോലെയും ദോഷം വിട്ടകന്ന് ജീവിച്ച ഭക്തനായ ഇയ്യോബിനെപ്പോലെയും നമുക്കും ഒരു ജയജീവിതം ചെയ്യാം.

ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്ക്‌ നിയമിച്ചിരിക്കുന്നു എന്നുള്ള ബോധ്യത്തോടെ ജീവിതം നയിക്കാം അതിനായ് ദൈവം നമ്മളെ സഹായിക്കട്ടെ.

MGM Ministries-Article Source: gospelmediaonline.com/യൌവനം-കൈ-വിട്ടുപോയാൽ/ – (Accessed in May 2015)