Home Articles Malayalam Articles ലോകം തരാത്ത സന്തോഷം
0

ലോകം തരാത്ത സന്തോഷം

2
0

ഷീലാ ദാസ്‌

യേശുക്രിസ്തു മടങ്ങിപ്പോകുന്നതിനുമുൻപ്‌ തന്റെ ശിഷ്യന്മാരോടുപറഞ്ഞു, നിങ്ങളുടെ ഹൃദയം സന്തോഷിക്കും, നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽനിന്നും എടുത്തുകളയുകയില്ല(യോഹന്നാൻ16:22). യേശുക്രിസ്തു തന്റെ മരണപുനരുത്ഥാനങ്ങളെ മുൻപിൽ കണ്ടുകൊണ്ടാണ്‌ ഇതു സംസാരിച്ചത്‌. യേശു വിട്ടുപിരിയ്യുമ്പോൾ ലോകം സന്തോഷിക്കും, ശിഷ്യന്മാർ ദു:ഖിക്കും. എന്നാൽ പിന്നീട്‌ ലോകം ദു:ഖിക്കും, നിങ്ങളോ സന്തോഷിക്കും. യേശു ഉയർത്തെഴുനേറ്റതിനാൽ നാം, ഇന്നും സന്തോഷിക്കുകയാണു. പാപത്തിൽ മരിക്കേണ്ട നമ്മെ, നമ്മുടെ പാപത്തിൽ നിന്നും വിടുവിച്ച്‌, നിത്യജീവനെക്കുറിച്ച്‌ പ്രത്യാശയുള്ളവരാക്കി തീർത്തതിനാൽ എങ്ങനെ സന്തോഷിക്കാതിരിക്കും?. ഏറ്റവും കൂടുതൽ നാം സന്തോഷിക്കേണ്ടത്‌, നമുക്ക്‌ ലഭിച്ച വീണ്ടെടുപ്പിലും, ലഭിക്കാൻ പോകുന്ന നിത്യതയിലും ആണു് എന്നു മറക്കാതിരിക്കാം. അപ്പോസ്തലനായ പൗലോസ്‌, റോമൻ കാരാഗൃഹത്തിൽ കിടക്കുമ്പോൾ, ഫിലിപ്പിയരോടു പറയുന്നു, കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ. കാരഗൃഹത്തിന്റെ ഇടുങ്ങിയ അനുഭവങ്ങളിലും അദ്ദേഹം സന്തോഷിക്കയാണ്‌, കാരണം തനിക്കറിയാം താൻ പ്രത്യാശ വെച്ചിരിക്കുന്ന ശ്രീ യേശുക്രിസ്തു തനിക്കുമുൻപേ കഷ്ടത സഹിച്ചവനും മറ്റാർക്കും ലഭിക്കാത്ത പദവിയിൽ സ്വർഗ്ഗത്തിൽ പിതാവിന്റെ വലത്തുഭാഗത്തിരിക്കുന്നവനുമായതിനാൽ, തന്റെ കഷ്ടതയുടെ ഒടുവിലും തനിക്കുവേണ്ടി സ്വർഗ്ഗീയ പദവികൾ കാത്തിരിക്കുന്നു. അതുകൊണ്ട്‌ ഞാൻ ഇന്നുള്ള കഷ്ടതകളെ കാണുന്നെങ്കിലും, ഒരു മഹത്വകരമായ പ്രത്യാശ എന്നിൽ ശേഷിക്കുന്നു.

പ്രീയമുള്ളവരേ, നാം ഇന്നത്തെ കഷ്ടങ്ങളെ നോക്കി സന്തോഷിക്കുന്നവരാണോ അതോ ദു:ഖിക്കുന്നവരോ? പൗലോസ്‌ തന്റെ കഷ്ടതകളിൽ സന്തോഷിക്കുക മാത്രമല്ല, അതിൽ പ്രശംസിക്കുകയും കൂടി ചെയ്തിരുന്നു. കഷ്ടതകളിൽ നാം അനുഭവിക്കുന്ന ദൈവസാന്നിദ്ധ്യം സന്തോഷത്തിൽ നമുക്കു ലഭിച്ചെന്ന് വരില്ല, നമ്മെ പണിയാൻ ദൈവം അനുവദിക്കുന്ന, മേത്തരമായത്‌ നമുക്ക്‌ തരുവാനായി നമ്മെ ഒരുക്കുന്ന കഷ്ടതയുടെ നാളുകളെ ഓർത്ത്‌ നമുക്ക്‌ സന്തോഷിക്കാൻ ഇടയാകട്ടെ. എന്നാൽ ദൈവവചനം പറയുന്നു, യെഹോവയിൽ തന്നേ രസിച്ചുകൊൾക, അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.(സങ്കീ(37:4). ക്രിസ്തുവിൽ സന്തോഷിക്കാൻ ഇന്നു അനേകർക്ക്‌ കഴിയും, പക്ഷേ, ക്രിസ്തുവിൽ തന്നേ രസിക്കാൻ എത്ര പേർക്ക്‌ കഴിയും?. ഒരു കാര്യത്തിൽ മാത്രം രസിക്കണമെങ്കിൽ, അതിനോട്‌ പറ്റിച്ചേർന്നിരിക്കാൻ കഴിയണം, അതിനു് മുൻ ഗണന കൊടുക്കണം. അപ്രകാരം കർത്താവിൽ മാത്രം സന്തോഷിക്കാൻ തീരുമാനമെടുത്താൽ, ലോകത്തിലെ മറ്റു പല കാര്യങ്ങളിലും സന്തോഷിക്കാൻ കഴിയില്ല എന്നതാണു സത്യം. ഇന്നു് അനേകം ദൈവഭക്തന്മാരുടെ ജീവിതം കണ്ടാൽ, ഇവർ രസിക്കുന്നത്‌ കർത്താവിൽ തന്നെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യിരെമ്യാവ്‌ എന്ന ചെറിയ ബാലനെ കർത്താവ്‌ തന്റെ ശുശ്രൂഷക്കായി വിളിച്ചു. ശുശ്രൂഷ ചെയ്യുന്ന വേളയിൽ താൻ പറയുന്നു, ഞാൻ കളിക്കാരുടെ കൂട്ടത്തിൽ ഇരുന്ന് ഉല്ലസിച്ചിട്ടില്ല, നീ എന്നെ നീരസം കൊണ്ട്‌ നിറച്ചിരിക്കയാൽ നിന്റെ കൈ നിമിത്തം ഞാൻ തനിച്ചിരുന്നു(യിരമ്യാവ്‌ 15:17). എന്തുകൊണ്ടാണു് നീരസം ഉണ്ടായതു? ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു, അത്‌ എന്റെ ഹൃദയത്തിൽ കയറിയപ്പോൾ എനിക്കു വചനം അറിയാത്തവരെപ്പോലെ, കളിക്കാരോടൊപ്പം രസിക്കാൻ കഴിയില്ല. യേശുവിനെ ഹൃദയത്തിൽ സ്വീകരിച്ചവർ, ലോകക്കാരെപ്പോലെ, സിനിമയിലും ഫുട്ട്ബോളിലും ക്രിക്കറ്റിലും ഒക്കെരസിക്കുമ്പോൾ നാം കേൾക്കുന്നില്ലെങ്കിലും യഥാർത്ഥ ഭക്തന്മാർ അഭിമുഖീകരിക്കുന്ന ഒരു ചോദ്യമുണ്ടു, ഇതു നിങ്ങൾക്കു ആകാമോ?. കഴിഞ്ഞ ദിവസം എന്റെ ഒരു നല്ല സുഹൃത്ത്‌ എന്നോടു ചോദിച്ചു, ഇപ്പോൾ ഉള്ള ന്യു ജനറേഷൻ സിനിമയും കാണും……………. മറ്റു പലതും. പിന്നെ നിങ്ങൾ എന്തിനാണു ഇങ്ങനെ നിൽക്കുന്നതു? ശരിയാണു് എന്നു നമുക്കും തോന്നാം. എന്നാൽ എനിക്കൊരു കാര്യം മനസിലായി, ഞാൻ സേവിക്കുന്ന കർത്താവിനു് ഒരു മാറ്റവും ഇല്ല, അവൻ പറഞ്ഞതിനും മാറ്റമില്ല. ആരെല്ലാം പിന്മാറീയാലും എനിക്കു നിന്നെ വിട്ടുപോകാൻ ഇടയാകരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു, ക്രിസ്തുവിന്റെ നാമത്തിൽ എടുത്ത തീരുമാനങ്ങൾ ഒന്നും മാറ്റിപ്പറയാൻ ഇടയാകരുതു എന്നാണെന്റെ ആഗ്രഹം. ദൈവത്തിനു വേണ്ടി വിളിക്കപ്പെട്ട അഭിഷിക്തനായ ശിംശോൻ, ജീവിതം മുഴുവൻ ദൈവത്തിൽ സന്തോഷിക്കേണ്ടവനായിരുന്നു, അൽപ്പ സമയത്തേക്കുള്ള സന്തോഷത്തിനായി, ജീവിതം നഷ്ടപ്പെടേണ്ടി വന്നില്ലേ?. ദൈവത്തിന്റെ പ്രവാചകനായിരുന്ന ബിലെയാം, ഭക്തൻ മരിക്കുമ്പോലെ മരിക്കാൻ ആഗ്രഹിച്ചെങ്കിലൂം നടന്നില്ല.

പ്രീയമുള്ളവരേ, നമുക്ക്‌ കർത്താവിൽ സന്തോഷിക്കാം. അവനിൽ തന്നേ രസിക്കാം. നിത്യതയാണു വലുതു എന്ന് തിരിച്ചറിയാൻ നമ്മുടെ ഹൃദയക്കണ്ണുകൾ ദൈവം തുറക്കട്ടെ.

MGM Ministries-Article Source: kraisthavaezhuthupura.com/articles/sheeladas/1392

(2)

Close